Friday, 17 March 2017

ജനവഞ്ചനയുടെ 30 ദിനങ്ങൾ

എല്ലാം ശെരിയാക്കാം എന്ന മുദ്രാവാക്യത്തോട് കൂടി അധികാരത്തിൽ വന്ന ഇടതുമുന്നണിക്ക് ഒരു തോന്നലുണ്ട് അവർ "എല്ലാം ശെരിയാക്കാം " എന്ന് പറഞ്ഞത് വിശ്വസിച്ചിട്ടാണ് ജനങ്ങൾ അവർക്കു വോട്ട് ചെയ്തു അധികാരത്തിൽ എത്തിച്ചതെന്ന്.യഥാർത്ഥത്തിൽ സംഭവിച്ച കാര്യമെന്തെന്നാൽ സരിതയുടെയും ശാലുവിന്റെയും പിന്നാലെ കയറി ഇറങ്ങിയ യു ഡി എഫ് മന്ത്രിമാരുടെയും എം എൽ എ മാരുടെയും നാറിയ കഥകൾ കേട്ട് പൊറുതിമുട്ടിയ ജനം പ്രതീക്ഷ നശിച്ചു നിന്ന സമയത്തു വീണ്ടും വീണ്ടും കള്ളിന്റെയും പെണ്ണിന്റെയും പൊന്നിന്റെയും പേരിൽ തീർത്താൽ തീരാത്ത വിധത്തിലുള്ള അഴിമതിക്കഥകൾ കാരണം രക്ഷക്കായി അവർക്കു വോട്ട് ചെയ്യാതെ ഒരു മാറ്റത്തിനു വേണ്ടി എൻ ഡി എ മുന്നണിക്കും എൽ ഡി എഫിനും വോട്ട് ചെയ്തു
കേരളത്തിൽ വളരെ നല്ലൊരു വിഭാഗം വരുന്നതും എന്നാൽ രാജ്യത്തിലെ മൊത്തം ജനസംഖ്യയുമായി തട്ടിച്ചു നോക്കുമ്പോൾ ന്യൂനപക്ഷമായുള്ളതുമായ മത വിഭാഗങ്ങളിൽ ഇടതു പക്ഷം നടത്തിയ ബി ജെ പിയെക്കുറിച്ചുള്ള കുപ്രചരണം ഫലം കാണുകയും അതിൻറെ അടിസ്ഥാനത്തിൽ പലയിടങ്ങളിലും ബി ജെ പി നല്ലൊരു വിഭാഗം വോട്ടു പിടിച്ചെങ്കിലും അത് വിജയത്തിലേക്കെത്താതിരിക്കാൻ കാരണമാവുകയും ചെയ്തു.എന്നിരുന്നാലും മലപ്പുറം,കോട്ടയം പോലുള്ള ജില്ലകളിൽ ബി ജെ പി ക്കുണ്ടായ മുന്നേറ്റം വരും കാലങ്ങളിൽ ഈ നാട്ടിലെ മറ്റു വോട്ടർമാരും ബി ജെ പി യിലേക്ക് ആകൃഷ്ടരാകും എന്നുള്ളതിന് തെളിവാണ് .
ഇത്തരത്തിൽ യു ഡി എഫിൽ നിന്നും അവരുടെ കഴിവ് കേടു കൊണ്ട് മാത്രം കൈ വിട്ടു പോയ അധികാരം പിന്നീട് നിലവിലുള്ള മുഖ്യ ശത്രുവായ ബി ജെ പി യിൽ വർഗീയ പരമായ ആരോപണങ്ങളുയർത്തി ജനങ്ങളെ പറ്റിച്ചു അധികാരത്തിൽ എത്താൻ എൽ ഡി എഫിന് അധികം മെയ്യനങ്ങി പണി ചെയ്യേണ്ടി വന്നിട്ടില്ല .അധികാരത്തിലെത്തിയ സമയത്തും തെരഞ്ഞെടുപ്പ് സമയത്തും നൽകിയ വാഗ്ദാനങ്ങളിൽ ഒന്ന് പോലും നേരെ വണ്ണം നിറവേറ്റാനാകാതെ ശൈശവ കാലഘട്ടത്തിൽ തന്നെ പൂർണ്ണ പരാജയമായി മാറിയ ഒരു സർക്കാരിനെയാണ് കേരള ജനതയ്ക്ക് കാണാൻ സാധിച്ചത് .കൊട്ടിഘോഷിച്ചു മന്ത്രിപ്പട്ടം ചാർത്തി നൽകിയ മന്ത്രിമാരുടെ വായിൽ നിന്നും വികടസരസ്വതി കളിവിളയാടാൻ തുടങ്ങിയപ്പോൾ അത് അബദ്ധം കൊണ്ടാണോ ,അജ്ഞത കൊണ്ടാണോ എന്നറിയാൻ സാധിക്കാതെ ജനങ്ങൾ സ്തബ്ധരായി .തങ്ങളുടെ നികുതിയിൽ നിന്നും ശമ്പളം പറ്റുന്ന ഈ ഭരണാധികാരികൾ പറയുന്ന വിഢിത്തരങ്ങൾ കേട്ട് ചിരിക്കണോ ,അതോ കരയണോ എന്ന് പോലും അറിയാതെ ഞങ്ങൾ മിഴിച്ചു നിന്ന ഒരു കാഴ്ചയാണ് ആദ്യ മാസത്തിൽ നമുക്ക് കാണാൻ സാധിച്ചത് .

നല്ലൊരു നാളെക്കായി

രാവെന്നോ പകലെന്നോ ഭേദമേതില്ലാതെ രാക്ഷസൻ തൻ കരം നീണ്ടിടുമ്പോൾ... കണ്ണടച്ചേറെയിരുട്ടാക്കി നിൽക്കുന്ന അധികാരി വർഗ്ഗം തുണച്ചിടുമ്പോൾ ....
ലക്ഷോപലക്ഷം വരുന്ന ജനതഥി .... അതിലേറെ മൂകരായ് നിന്നിടുമ്പോൾ കോടികളുള്ളവർ കൂട്ടുനിൽക്കുന്നൊരു- ക്രൂരതയുള്ളിൽ ത്രസിച്ചിടുമ്പോൾ ...
ഇനിയുമിപ്പാരിൽ മരിക്കുമാദേവത "ജിഷ","സൗമ്യ","നിർഭയ"യെന്നപേരിൽ... അതിലേറെയായിരം അറിയാതെപോയിടും അവനുടെ കൈയൂക്ക് കൂടിടുമ്പോൾ ...
ഇനിയില്ല മാപ്പ് ഇനിയവരേകില്ല അവരുടെ ദുർഗതി ആവർത്തിച്ചാൽ... അതിനായ് പൊരുതണം കയ്യൊന്നുയർത്തണം നീയുമീ ഞാനുമീ നാടുമൊന്നായ് ...
ഇവിടെ നടക്കട്ടെ യവ്വനയുക്തമാർ സർവ്വാഭരണ വിഭൂഷരായി .... രാവെന്നോ പകലെന്നോ ഭേദമില്ലാതെ നിർഭയരായി നിരത്തിലൂടെ ....

നിളയ്ക്ക് പറയാനുള്ളത്

കുഞ്ഞിതാ തേങ്ങുന്നു ദാഹം ശമിക്കാതെ മീനത്തിലെച്ചൂട് ഉച്ചത്തിലെത്തുമ്പോൾ നിളയിതാ കേഴുന്നു ഈ കാഴ്ച്ച കാണുമ്പോൾ കണ്ണീർ പൊഴിക്കാതെ താങ്ങുവാനാകാതെ കരയുവാനാകില്ല അശ്രുവതില്ലാതെ വീണ്ടും കൊതിക്കുന്നു ഇടവമാസത്തിനായ്
തന്നുടെ ജനകനാം സഹ്യനറിയില്ല ഈ മീനമാസത്തിൽ തന്നുടെ ദുർഗ്ഗതി ആശയോടന്നു ഞാൻ യാത്ര പറഞ്ഞിട്ടു ഒരുപാടും കാതം കുണുങ്ങിചിരിച്ചിട്ടു കൈരളി തൻഹൃത്തിലൊഴുകിയിറങ്ങി ഞാൻ
നെന്മണിയേന്തുന്ന പാടങ്ങൾ കണ്ടു ഞാൻ ചിങ്ങമാസത്തിലെ ഓണമതുണ്ടു ഞാൻ പോരുന്ന വഴിയിലെ സഖികളെ ചേർത്തങ്ങു എന്നുടെ മേനി നിറഞ്ഞു കവിഞ്ഞു പോയ്
ദാഹമകറ്റി ഞാൻ പല നൂറു മർത്യൻറെ പോരുന്ന പാതയിൽ മടിയൊന്നുമില്ലാതെ ആത്മാവ് വേർപെട്ട കായവും പേറി ഞാൻ ആത്മാവിനായുള്ള കർമ്മവും കണ്ടു ഞാൻ
മകരമാസത്തിലെ കുളിരതു കൊണ്ടു ഞാൻ ആഹ്ലാദചിത്തയായ് കൊഞ്ചിക്കുഴഞ്ഞു ഞാൻ എന്നാലിതാവന്ന വേനൽ കവർന്നല്ലോ എന്നുടെ പുഷ്ഠിയും മോഹവും സ്വപ്നവും
സ്വാർത്ഥനാം മർത്യനവൻറെ സുഖത്തിനായി വെട്ടിമുറിച്ച മരങ്ങളിന്നുണ്ടെങ്കിൽ വേനലിൻചൂടിനെ പേടിച്ചു കേഴാതെ അവനുടെ പുത്രൻറെ ദാഹം ഞാൻ തീർത്തേനെ

നമ്മളൊന്ന്

പെറ്റമ്മയേയും തിരിഞ്ഞു നോക്കാത്തവർ -ക്കാകുമോ നാടിനെ സ്നേഹിക്കുവാൻ ധീരരാരം പൂർവ്വികർ ജീവിതത്യാഗത്താൽ നേടിയ സ്വാതന്ത്ര്യം മാനിക്കുവാൻ
നാനാവിധമായ സോദരർ വാഴുന്ന പുണ്യപുരാതന ഭൂമിതന്നിൽ സ്വാർത്ഥത തൻവിത്തുപാകുമിക്കൂട്ടർ തൻ ലക്ഷ്യമതൊന്നു താൻ സർവ്വനാശം
അൽപ്പം പണത്തിനായ് പെറ്റമ്മയെപ്പോലും ഒറ്റിക്കൊടുക്കുന്ന കൂട്ടരിവർ നമ്മുടെ നാടിനെ വെട്ടിമുറിക്കുന്നോർ നമ്മുടെ അന്ത്യം കൊതിക്കുന്നവർ
കൂട്ടുകാരെപ്പോലരികത്തുകൂടി ചതിക്കുന്ന ഈ കൂട്ടർ മിത്രമല്ല നാടിനേം നാട്ടാരേം ദ്രോഹിക്കും കൂട്ടർക്ക് രാത്രിതൻ യാമത്തിൽ മിത്രമവൻ
നേരിനായ് നാടിനായ് നല്ലൊരു നാളെക്കായി നാമൊന്നായ് നിൽക്കണം കൂട്ടുകാരെ ഭാഷയേതായാലും ജാതിയേതായാലും വർഗ്ഗമേതായാലും നമ്മളൊന്ന്

ചിറകു മുളക്കും മുമ്പേ

അമ്മേ അരുതേ പറഞ്ഞയച്ചീടല്ലേ നിന്നിണമല്ലേ ഞാൻ പിഞ്ചുകുഞ്ഞല്ലേ ഞാൻ താതന്റെ ദാരിദ്ര്യം നാൾക്കുനാളേറുമ്പോൾ മോചിതരാവാനായ് എന്നെ കൊടുക്കണോ
പത്തുമാസം ചുമന്നെന്നെ നീ പെറ്റപ്പോൾ നീ നൊന്ത വേദന ചൊല്ലുവാനുകുമോ എന്നുടെ സോദരൻ ആറു വയസ്സുള്ളോൻ എന്നെക്കാളേറെ തിരിച്ചറിവുള്ളവൻ
ആർത്തലച്ചീടും നിലവിളിച്ചീടുമീ ക്രൂരത അവനോടു കാട്ടിയെന്നാൽ നിങ്ങൾക്കറിയാമെനിക്കറിയുന്ന വാക്കൊന്നു 'അമ്മ'താൻ അമ്മ മാത്രം
തെറ്റിദ്ധരിച്ചു നീ തിരിച്ചറിവാകാത്ത ഈ കുഞ്ഞിനിക്കാര്യം നോവുകില്ല അതിനാൽ കരുതി നീ ഈ കുഞ്ഞു തേങ്ങില്ല ഈ കൊച്ചു ഹൃദയം തകരുകില്ല
പത്തുമാസം ചുമന്നെന്നെ പ്രസവിച്ച അമ്മയിതെന്നേ കൊടുത്തയച്ചാൽ നീ തന്നെ ചൊല്ലു ..പെറ്റമ്മക്കതില്ലാത്ത സ്നേഹമുണ്ടാവുമോ പോറ്റമ്മയ്ക്ക്
എന്നാലും സന്തോഷം ഇന്നീ മകൾക്കിതാ ഞാൻ നൽകി ഒരു ലക്ഷം എന്നച്ചന് ചിറകു മുളക്കുന്ന കാലത്തിനു മുന്നേ ഞാൻ തീറ്റ നൽകിയെൻ വീട്ടുകാർക്ക്

ജഗദീശ്വരന് നന്ദി

മധു തേടി പോകുന്ന പൂമ്പാറ്റയിന്നിതാ ഓർക്കുന്നു തന്നുടെ ജോലിഭാരം താനിതേകുന്ന പരാഗത്തിനാകുമോ ഒരു നാൾ വസന്തം വിരിയിക്കുവാൻ
ഒരു കൊച്ചു അണ്ഡമായ് വന്നുവീഭൂമിയിൽ ഒരു ജീവനായ് പിറന്നു ഞാനും പലനാൾ സുഷുപ്തിയിൽ ആണ്ടു ഞാനും പിന്നെ ശലഭമായ് നാട്ടിൽ പറന്നുയർന്നു
പലതരം പൂക്കളെ കണ്ടിടുമ്പോൾ പിന്നെ അവ തൻറെ തേനും നുകർന്നിടുമ്പോൾ ഒരു ചിന്ത മാത്രം വിശപ്പടക്കീടണം അന്നത്തെ കാര്യം കഴിച്ചിടേണം
എന്നാലതിന്നുവരെ ഓർത്തതില്ല പിന്നെ ഈ ഈ കാലമത്രയും ഏറ്റതില്ല താൻ നുണയുന്ന മധുവിൻ പരാഗത്തെ താൻ വഹിക്കാമെന്നു ചൊല്ലിയില്ല
ഈ കുഞ്ഞു കാലമാം ജീവിതത്തിൽ തൻറെ ഒരുകൊച്ചു ജീവിതനാളുകളിൽ ഒരു പാട് പൂന്തോട്ടമുണ്ടാക്കുവാൻ തന്ന കഴിവിനു നന്ദിയിതേകുന്നു പാവം

നോവിൻറെ സുഗന്ധം

ഒരു കുഞ്ഞു പൂവിനെ തഴുകി തലോടുന്ന ഋതുമന്ദമാരുതൻ തൻ സുഖന്ധം
ഏൽക്കുന്ന മാനവൻ ഉള്ളാൽനിനക്കുന്നു താൻചെയ്ത തെറ്റുകൾ മാറ്റുമിത്
പോരുന്നവഴിയിലെ പൂവുകളേകിയ ഓർമ്മകൾ തേങ്ങലായ് കാറ്റിനിന്ന്
പലകാലമത്രയും കാത്തുവെച്ചൂ പൂവ് തന്നുടെ പ്രിയതമനായ് സുഗന്ധം
എന്നാലതുവഴി യാത്രപോയ കാറ്റു ഒരുമാത്രയിൽ അത് കട്ടെടുത്തു
ഒരുപാടു പൂക്കളെ നോവിച്ചിട്ടും പിന്നെ ഒരുപാടു പൂക്കളെ ലാളിച്ചിട്ടും
ഈ കാറ്റു നേടും സുഗന്ധത്തിനാകുമോ മാനവൻ തൻറെ തെറ്റ് മാറ്റിടുവാൻ

മോഹിച്ചു പോയത് നിൻറെയാകാൻ

ചന്ദനത്തിൻറെ സുഗന്ധം പരക്കുന്ന രാത്രി ചന്ദ്രിക പൊന്നൊളി തൂകി നിൽക്കുന്നൊരു രാത്രി
കേട്ടു ഞാൻ വെള്ളിക്കൊലുസ്സിട്ട കാലൊച്ച മോഹിച്ചു പോയത് നിൻറെയാകാൻ
ഓർക്കുന്നോ പ്രിയ സഖി എത്രയോ രാവുകൾ ഒരു കുഞ്ഞു പൂപോൽ നീ നിന്നിരുന്നു
പൗർണ്ണമി തൻറെ നിലവിനാൽ നിന്മുഖം മറ്റൊരു ചന്ദ്രനായ് തീർന്നിരുന്നു
ആ വെൺ വെളിച്ചത്തിൽ ഞാൻ എൻറെ രാവുകൾ തീരാതിരിക്കാൻ കൊതിച്ചിരുന്നു
ആ വർണ്ണ രാത്രിയിൽ സൂര്യനാൽ വിരിയുന്ന പൂവിനെ കാണുവാൻ നീ കൊതിച്ചു
നിന്നെയും ചേർത്തു ഞാൻ കാതങ്ങൾ താണ്ടി ആ മോഹന കാഴ്ച നിനക്ക് കാട്ടി
എന്നാൽ ഒരു വാക്ക് ചൊല്ലാതെ പോയി നീ ജീവിത വീഥിയിൽ എന്നെ നിർത്തി
ഇനിയില്ല നീ എന്ന സ്നേഹമതെന്നാലും ചന്ദ്രിക പെയ്യുന്ന രാവുകളിൽ
വെള്ളിക്കൊലുസിട്ട കാലൊച്ച കേൾക്കുമ്പോൾ മോഹിച്ചു പോയത് നിൻറെയാകാൻ

സ്വാതന്ത്ര്യം തേടി

നീലവിഹായസ്സു തേടി പറക്കുന്നപഞ്ചവർണക്കിളി
ആകാൻ കൊതിച്ചു ഞാൻ
പാരതന്ത്ര്യത്തിൻെറ ചങ്ങല പൊട്ടിച്ചു പാരിലൂടൊന്നു
കറങ്ങി നടക്കണം
നീർപൊയ്ക കാണണം നീന്തി തുടിക്കണം തേനും ഫലങ്ങളും
ആകെ നുകരണം
കാറ്റതു തൻറെയെതിരായി മാറുമ്പോൾ അതിനെ ചെറുത്തു
പറക്കാൻ ശ്രമിക്കണം
പോകുന്ന വഴിയിലായ് മഴയത് പെയ്യുമ്പോൾ നീർമണി തുള്ളിയെ
പുണരാൻ കഴിയണം
കത്തുന്ന വേനലിൽ താഴേക്ക് പോകാതെ ചാട്ടുളി
പോലെ കുതിക്കാൻ ശ്രമിക്കണം
എന്നാലഹംഭാവമില്ലാതിരിക്കണം ശത്രുവിനെപ്പോലും
മിത്രമായ് മാറ്റണം
നാടിനെ സ്നേഹിക്കും പാട്ടൊന്നു പാടണം നാട്ടുകാർക്കായി
ഞാൻ നല്ലതു ചെയ്യണം

കണ്ണ് തുറക്കൂ

പീഡന വീരന്മാർ കട്ട് മുടിച്ചവർ കൊള്ള- കൊലകൾ വരുമാനമാക്കിയോർ നാട്ടിലായങ്ങു വിലസി നടക്കുമ്പോൾ ഹെൽമറ്റ് വയ്ക്കാത്തൊർ ,പെറ്റിയടക്കാത്തോർ നാടിനായി പല പോരാട്ടം ചെയ്തവർ ലോണ് മുടങ്ങിയ പട്ടിണിപ്പാവങ്ങൾ അൽപ്പ നേരത്തെ വിശപ്പടക്കാനായി ക്ഷോണിയിലാദ്യമായ് മോഷണം ചെയ്തവർ വീട്ടുകാർ തന്നുടെ പട്ടിണി മാറ്റുവാൻ ചെയ്യാത്ത കുറ്റങ്ങൾ ഏറ്റു പറഞ്ഞവർ ഇന്നിതാ കേഴുന്നു കാരാഗ്രഹത്തിലായ് തന്നുടെ കുഞ്ഞിനെ നായ കടിച്ചപ്പോൾ നായയെ കല്ലെറിഞ്ഞെന്നൊരുതെറ്റിനായ്‌ അച്ഛൻറെ പേരിൽ കൊലപാതക ശ്രമം കണ്ണ് തുറക്കൂ അധികാര വർഗ്ഗമേ നിന്നുടെ മുന്നിലരുംകൊല ചെയ്തോനെ, കോടികൾ കോഴയായ് വാങ്ങിയെടുത്തോനെ, പാവമപ്പെണ്ണിൻറെ ജീവിതം തീർത്തോനെ കയ്യാമം വച്ച് തുറങ്കിലടക്കു നീ

എൻ പ്രിയതോഴി

നീയെൻറെ മാനസ പൂങ്കാവനത്തിലെ പനിനീർപുഷ്പമായ് മാറി ,പനിനീർപുഷ്പമായ് മാറി............
ഞാൻപോലുമറിയാതെ നീയെൻറെ വീണയിൽ താളലയങ്ങളായ് മാറി ,താളലയങ്ങളായ് മാറി ................
നീലമിഴിയിതളുകളോ അതിനഴകേകും അധരങ്ങളോ സഖി നിന്നനുരാഗ
കളമൊഴിയോ പറയുവാനാകുന്നില്ല പ്രിയേ
അതിലേതോന്നു കട്ടെടുത്തു എൻ ഹൃദയ വിഹായസ്സിനെ പാറിപ്പറന്നു
ധരതലം തൊടാത്തൊരെൻ മനസ്സും അതിലെ ചിന്തകളും
നിനക്കായ് വഴി മാറി തോഴി അന്നാദ്യമായി നിൻ മുഖം കണ്ടനേരം
ഒട്ടും നിനച്ചില്ല ഞാനെൻറെ മാനസം നീർമണി തുള്ളിപോലുടയുമെന്ന്
ശിലയായ് നിനച്ചൊരെൻ ഹൃദയത്തിൻ പാളികൾ സ്ഫടികമായ് ഒരു വേള തീരുമെന്ന്
എൻ പ്രിയതോഴി പറയൂ നീ ചന്ദ്രിക തോൽക്കുന്ന ചന്തത്തിനിതെന്താധാരം
കുറുനിര തഴുകുന്ന കാറ്റുപോലും മയങ്ങുന്നു നിൻ കാർകൂന്തൽ വാസനയാൽ
ഒരു നിമിഷം നിനച്ചു ഞാൻ ദൈവത്തിനേറ്റ പാകപ്പിഴയോ അതോ ഞാൻ ചെയ്ത സുഹൃതമോ
അപ്സര സ്ത്രീയെ ശാപത്താൽ ഭൂമിയിലേക്കയച്ചപ്പോളതു കാണാൻ

ഞങ്ങൾക്കു വേണം സ്വാതന്ത്ര്യം ,ഞങ്ങൾക്ക് തോന്നുന്നത് ഞങ്ങൾ ചെയ്യും"

ഫോൺ നിർത്താതെ ബെല്ലടിച്ചുകൊണ്ടിരിക്കുന്നു ,രാവിലെ തന്നെ ഉറക്കം നശിച്ചു .രമേശൻ മനസ്സിൽ പ്രാകിക്കൊണ്ടു എണീറ്റ് ഫോൺ എടുത്തു നോക്കി .പോലീസുകാരൻ മുഴുവൻ സമയ സേവാ പ്രവർത്തകൻ ആണെങ്കിലും കുറച്ചു നേരം ഉറക്കം പോലും തരാതെ ആരാണീ ശല്യപ്പെടുത്തുന്നത് . അനാശ്യാസ്യം നടക്കുന്നു എന്ന് പറഞ്ഞു ചില സംഘടനാ പ്രവർത്തകർ നടത്തിയ കോപ്രായങ്ങളിൽ പ്രതിഷേധിച്ചു ഒരു കൂട്ടം പിള്ളേർ നടത്തിയ കെട്ടിപ്പിടുത്തതിനും ഉമ്മവെക്കലിനും ഒക്കെ കാവൽ നിന്ന ശേഷം പാതിരാത്രിയാണ് വന്നു കിടന്നത് .സമൂഹത്തിൻറെ പോക്ക് ആലോചിച്ച് രാത്രി നേരാം വണ്ണം ഉറങ്ങാൻ പോലും കഴിഞ്ഞില്ല .അല്ലേലും അങ്ങനെ പെട്ടന്ന് ഉറങ്ങാൻ രമേശന് പറ്റില്ല .പറക്കമുറ്റാത്ത രണ്ടു പെൺപിള്ളേരാണെ ഉള്ളത് .നാട്ടിൽ നിരന്തരം നടക്കുന്ന പീഡന വാർത്തകൾ കേൾക്കുമ്പോൾ പെണ്മക്കൾ ഉള്ള അച്ഛൻ എങ്ങനെയാ ഉറങ്ങുക.അതിനിടെ ബുദ്ധിയുറക്കാത്ത സ്കൂൾ പിള്ളേരെ പരസ്യമായി ശാരീരികോപദ്രവം ഏൽപ്പിക്കുന്ന ആളുകളെ പിന്താങ്ങി കൊണ്ട് ചുംബന-കെട്ടിപ്പിടുത്ത കൂട്ടായ്മകളും .ഇവറ്റകളെയൊന്നും കഴിഞ്ഞ ഒരു വർഷം കാണാൻ കഴിഞ്ഞില്ലല്ലോയെന്ന് രമേശൻ ചിന്തിച്ചു ,നിരന്തരം പിഞ്ചു കുഞ്ഞുങ്ങൾക്ക് നേരെ പീഡനം നടക്കുമ്പോഴും ,പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകുമ്പോഴും പിന്നെ പെണ്ണുങ്ങളുടെ ഉടു വസ്ത്രം വലിച്ചു കീറിയൽ പോലും ഈ കൂട്ടർ വായ തുറക്കില്ല ."ആ പറഞ്ഞിട്ടെന്തു കാര്യം ഇവൻറെയൊക്കെ കോപ്രായങ്ങൾക്കു കാവൽ നില്ക്കാൻ പറഞ്ഞാൽ നിന്നല്ലേ പറ്റൂ "രാവിലെ ഉറക്കം കളഞ്ഞവനെയും തലേദിവസം ഉറക്കം കളഞ്ഞ ചുംബരരേയും ഒന്ന് കൂടി പ്രാകിക്കൊണ്ടു രമേശൻ ഫോൺ എടുത്തു .എസ് ഐ ജേക്കബ് സാർ ആണ് ."ബുദ്ധിമുട്ടയോ രമേശാ ???"ബുദ്ധിമുട്ടാണെങ്കിലും അങ്ങനെ പറയാൻ പറ്റില്ലല്ലോ "ഇല്ല സർ "രമേശൻ ഉടനെ മറുപടി നൽകി "രമേശാ ഞാൻ ഇന്നലെ പറഞ്ഞില്ലേ ഇന്ന് രാവിലേ നടക്കുന്ന മന്ത്രിയുടെ ഉദ്‌ഘാടന പരിപാടി നമ്മുടെ സ്റ്റേഷൻ പരിധിയിലാണ് ,ഞാൻ അവിടെ ഫുൾ ടൈം ഡ്യൂട്ടിക്ക് പറഞ്ഞിരുന്ന അനീഷിന്റെ അച്ഛൻ മരണപ്പെട്ടു അതുകൊണ്ടു താൻ അവിടെ ഒന്ന് പോകണം ,ഞങ്ങളൊക്കെ സമയത്തു എത്തി ചേർന്നേക്കാം ."ഇത്രയും കേട്ടപ്പോൾ തന്നെ രമേശൻറെ സമനില തെറ്റി.എന്തൊക്കെ പ്ലാൻ ആയിരുന്നു .മന്ത്രിയുടെ പരിപാടി ഇന്നലെ അറിഞ്ഞിരുന്നതാ പക്ഷെ സമയത്തിന് അര മണിക്കൂർ മുന്നേ എത്തിയാൽ മതിയായിരുന്നു .ഇതിപ്പോ രാവിലെ കെട്ടിയൊരുങ്ങി പോയി നിൽക്കണം .കുടുംബ ക്ഷേത്രത്തിലെ ഉത്സവം ആണ് കുട്ടികളെയും കൂട്ടി രാവിലെ അമ്പലത്തിൽ പോകണമെന്ന് കരുതിയതാ .ഇന്നിപ്പോ ഒന്നും നടക്കില്ല .നല്ലൊരു ഞായറാഴ്ച പോയ വിഷമത്തോടെ രമേശൻ യൂണിഫോമിട്ടു വേഗം റെഡി ആയി ഡ്യൂട്ടി സ്ഥലത്തെത്തി .
വിളവെടുപ്പ് പരിപാടിയുടെ ഉദ്‌ഘാടനം ആണ് പരിപാടി തുടങ്ങുന്നതിനു മുൻപേ തന്നെ നല്ല തിരക്കുണ്ട് .ഒട്ടനവധി ആളുകൾ .മന്ത്രിയെക്കാണാനോ കൊയ്ത്തുത്സവം കൂടാനോ അല്ലെന്ന് പിന്നെയാണ് രമേശന് മനസ്സിലായത് .മന്ത്രിയോടോപ്പം പങ്കെടുക്കുന്നത് പ്രശസ്ത സിനിമ നടിയാണത്രെ ..എന്തായാലും കൊള്ളാം തിന്നുന്ന അരിക്ക് വേണ്ടി മെയ്യനങ്ങില്ലെങ്കിലും ഒരു നേരം കിട്ടുന്ന നയന സുഖത്തിനായെങ്കിലും ഇത്തരക്കാർ മിനക്കെടുന്നുണ്ടല്ലോ എന്ന് ആലോചിച്ചപ്പോൾ രമേശന് സ്വയം നാണക്കേട് തോന്നി .അങ്ങനെ മന്ത്രി വന്നു പരിപാടി തുടങ്ങി അതിനിടയ്ക്കാണ് അത് സംഭവിച്ചത് .മന്ത്രിയുടെ കൂടെ വന്ന പ്രാദേശിക നേതാവ് സിനിമ നടിയെമറ്റാരും കാണാതെ തോണ്ടാനും ഉപദ്രവിക്കാനും തുടങ്ങി .രമേശൻ രണ്ടു മൂന്നു തവണ ഇതു ശ്രദ്ധിച്ചു ,നടിയും കൈ തട്ടി മാറ്റി എതിർക്കുന്നൊക്കെ ഉണ്ട്.ശ്ശെടാ ഇവന്റെയൊക്കെ തൊലിക്കട്ടി അപാരം തന്നെ .ഇത്ര പരസ്യമായി ഇവനൊക്കെ എങ്ങനെ തോന്നുന്നു .വീട്ടിലുള്ള അമ്മയില്ലാത്ത രണ്ടു പെൺകുട്ടികളെ ആലോചിച്ചപ്പോൾ രമേശന് സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞില്ല .കൊടുത്തു അവൻറെ കരണക്കുറ്റി നോക്കി രണ്ടു പിട ,അടിച്ചു തീരും മുൻപേ എന്താണ് കാരണമെന്നു കൂടി ചോദിക്കാതെ പ്രാദേശിക നേതാവിൻറെ ശിങ്കിടികൾ രമേശനെ പൊതിരെ തല്ലാൻ തുടങ്ങി
ആശുപത്രിയിൽ നിന്നിറങ്ങിയ ശേഷം സ്റ്റേഷനിൽ അത്യാവശ്യമായി വിളിപ്പിച്ചതറിഞ്ഞു രമേശൻ നേരെ ജേക്കബ് സാറിനെ കാണാൻ പോയി ."രമേശാ വിഷമമുണ്ട് ,തനിക്കു ട്രാൻസ്ഫർ ആണ് "ജേക്കബ് സാർ മുഖത്ത് നോക്കാതെ പറഞ്ഞൊപ്പിച്ചു ."സാർ എൻറെ ഭാഗത്തു തെറ്റില്ല ." രമേഷന്റെ കണ്ണുകൾ നിറഞ്ഞു .അറിയാം പക്ഷെ തനിക്കറിയാമല്ലോ അടുത്ത മാസം എൻറെ പ്രമോഷൻ ആണ് .ഞാൻ തനിക്കനുകൂലമായി റിപ്പോർട്ട് നൽകിയാൽ സർക്കാർ അത് കുളമാക്കും.എൻറെ വളരെക്കാലത്തെ ആഗ്രഹമാണ് സർക്കിൾ ആകുക എന്നുള്ളത് .മറ്റൊന്നും കേൾക്കാനോ പറയാനോ രമേശൻ നിന്നില്ല .തലകുനിച്ചു രമേശൻ സ്റ്റേഷൻ പടിയിറങ്ങുമ്പോൾ വിലങ്ങു വച്ച് ഒരു പ്രതിയെ പോലീസ് കൊണ്ട് വരുന്നു .പ്രതിയുടെ കൂടെ വന്ന കോൺസ്റ്റബിൾ ഖാദറിക്ക പറഞ്ഞു "രമേശാ അറിഞ്ഞു ,പക്ഷെ ഞങ്ങൾക്കൊന്നും ഒന്നും ചെയ്യാൻ കഴിയില്ല .തനിക്കറിയാമല്ലോ ".രമേശൻ ഖാദറിക്കയെ നോക്കി ചിരിച്ചു എന്ന് വരുത്തി .എന്തേലും ചോദിക്കണമല്ലോ എന്ന് കരുതി ഖാദറിക്കയോട് വിലങ്ങു വച്ച പ്രതിയെ ചൂണ്ടി ചോദിച്ചു എന്താ ഇവൻറെ കുറ്റം .ഖാദറിക്കയുടെ മറുപടി കേട്ട രമേശൻ ചിരിക്കണോ കരയണോ എന്നറിയാതെ സ്തബ്ദനായി ." 5 വയസുള്ള കുഞ്ഞുമായി സ്കൂളിൽ പോയപ്പോൾ തെരുവ് നായ കുഞ്ഞിനെ മൃഗീയമായി കടിച്ചു.സങ്കടം സഹിക്കാനാവാതെ അടുത്ത് കിടന്ന കല്ലെടുത്തു നായയെ അവൻ എറിഞ്ഞു അവൻറെ കഷ്ടകാലം നയാ ചത്തു ,മൃഗ സ്നേഹികളുടെ പരാതിയിൽ ഇവനെ അറസ്റ്റ് ചെയ്തു "
തിരികെ നടക്കുന്ന വഴിയിൽ രമേശന്റെ മനസ്സ് ശരീരത്തേക്കാളേറെ വേദനിച്ചിരുന്നു .പോകുന്ന വഴിയിൽ
വീണ്ടുമതാ ഒരാൾക്കൂട്ടം ഒരു പെണ്ണും പയ്യനും കെട്ടി മറിയുന്നു കുറെ താടിയും മീശയും വളർത്തി ജുബ്ബയിട്ടവർ ഉറക്കെ വിളിക്കുന്നു "ഞങ്ങൾക്കു വേണം സ്വാതന്ത്ര്യം ,ഞങ്ങൾക്ക് തോന്നുന്നത് ഞങ്ങൾ ചെയ്യും".

നിനക്കായ് തോഴീ

അരവിന്ദൻ മുത്തശ്ശിക്കുന്നിന് മുകളിലേക്ക് വളരെ വേഗം നടന്നു .ക്ഷീണവും അതിനേക്കാളേറെ സങ്കടവും അവൻറെ യാത്രാ വേഗം കുറച്ചു കൊണ്ടിരുന്നു .പക്ഷെ തനിക്കെത്താനുള്ള ആ ലക്ഷ്യം,അതിനെയപേക്ഷിച്ചു നോക്കുമ്പോൾ ഈ ദൂരമോ വഴിയിലെ മറ്റു ക്ലേശങ്ങളോ അതിനൊരു വിലങ്ങു തടിയല്ല എന്നവൻ മനസിലാക്കിയിരുന്നു .

തൻറെ ബാല്യകാലം മുതൽ തൻറെ കളിക്കൂട്ടുകാരിയായി കണ്ടിരുന്ന ലക്ഷ്മി അവൾ ഇന്നില്ല .കുട്ടിക്കാലത്തു നാട്ടിൻപുറത്തെ ഉസ്കൂളിൽ പഠിക്കാൻ സമയത്തു അവൾ നൽകിയ മയിൽ‌പ്പീലി ,ആകാശം കാണിച്ചാൽ ജീവൻ നഷ്ടപ്പെടുമെന്നും അല്ലായെങ്കിൽ ആ മയിൽ‌പ്പീലി പ്രസവിക്കുമെന്നും തന്നോട് പറഞ്ഞു തൻറെ ജന്മദിനത്തിൽ സമ്മാനമേകിയ തൻറെ പ്രിയതോഴി ഇന്നവളില്ല .നാട്ടിൻപുറത്തെ സ്കൂളിൽ പഠിക്കുമ്പോൾ ലക്ഷ്മി ആയിരുന്നു അവൻറെ ഉറ്റ ചങ്ങാതി ഒരു നേരത്തെ ആഹാരം പോലും കഴിക്കാൻ വകയില്ലാത്ത അവൻറെ കുടുംബത്തിൻറെ പട്ടിണി മാറ്റുവാൻ പത്താം തരാം പാസ്സയപ്പോൾ പാടത്തു പണിക്കു പോകേണ്ടി വന്നെങ്കിലും തൻറെ പ്രിയ തോഴിയെ അവൻ മറന്നിരുന്നില്ല .നല്ല മാർക്കൊന്നുമില്ലായിരുന്നെങ്കിലും കുടുംബത്തിൻറെ നല്ല സ്ഥിതി കാരണം അവളുടെ അച്ഛൻ അവളെ നഗരത്തിലേക്ക് പഠിക്കാനയച്ചു .കോളേജ് എന്ന വസ്തുത കാവിലെ ഉത്സവത്തിനുള്ള നാടകങ്ങളിൽ കേട്ടിട്ടുണ്ടെന്നല്ലാതെ ലക്ഷ്മി എന്ന കുട്ടി ഇല്ലായിരുന്നെങ്കിൽ തനിക്കു കാണാൻ പോലും കഴിയുമായിരുന്നില്ല എന്നവൻ ഗദ്ഗദത്തോടെ ഓർത്തു . ഒറ്റമുണ്ടും ഉടുത്തു ജീവിതത്തിലാദ്യമായി അലക്കി തേച്ച ഷർട്ടുമായി കോളേജിൽ അവളുടെ ക്ഷണം കാരണം എത്തിയ ദിവസത്തിലെ മുറിപ്പാട് അവനു ഇന്നും മറക്കാൻ കഴിയുന്നില്ല .നഗരത്തിലെ പിള്ളേർ നാട്ടിൻ പുറത്തുകാരൻ പയ്യനെ അവളുടെ പിറകെ നടക്കുന്ന പരിഷ്ക്കാരി പയ്യൻറെ നേതൃത്വത്തിൽ തലങ്ങും വിലങ്ങും കളിയാക്കി .അപമാനം സഹിക്കാൻ കഴിഞ്ഞില്ല .ചിലപ്പോൾ അത് കണ്ടതുകൊണ്ടോ അല്ലെങ്കിൽ അവളുടെ സുഹൃത്തുക്കളുടെ വാചകങ്ങൾ കേട്ടത് കൊണ്ടോ ആയിരിക്കാം ലക്ഷ്മി പിന്നീട് അതിനു ശേഷം തനിക്കു കത്തയച്ചിട്ടില്ല.പക്ഷെ തനിക്കവളെ അങ്ങനെ മറക്കാൻ കഴിയുമോ ??? സ്കൂളിൽ ബാക്കിയെല്ലാവരും ഉച്ചഭക്ഷണം കഴിക്കുമ്പോൾ വിശന്നു വലഞ്ഞു ദൂരെ മാറിയിരിക്കുന്ന തനിക്ക് ആഹാരത്തിലെ ഒരു പങ്കു സ്ഥിരമായി തന്നിരുന്ന ,അച്ഛന്റെ മരണത്തിലുലഞ്ഞപ്പോൾ തനിക്കു പത്താം തരാം വരെയെങ്കിലും പഠിക്കാൻ അവളുടെ അച്ഛനോട് പറഞ്ഞു അവസരമുണ്ടാക്കി തന്ന ലക്ഷ്മി ..അവളെയെങ്ങനെ തനിക്കു മറക്കാൻ കഴിയും ???

പക്ഷെ വിധി എന്നത് സ്വാർത്ഥനാണല്ലോ അവളുടെ പുറകെ നടന്ന പരിഷ്കാരി കാമുകനോട് അവൾ ക്രമേണ അടുത്തു .പിന്നെ പിന്നെ നാട്ടിൽ വന്നാൽ കണ്ടാൽ പോലും അരവിന്ദനോട് അവൾ മിണ്ടാതെയായി .തൻറെ സഹോദരിയുടെ കൂട്ടുകാരി ലക്ഷ്മിയുടെ ജൂനിയറായി പഠിക്കുന്ന ഷാഹിന പറഞ്ഞാണ് അറിയുന്നത് ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന അവൾ ഇപ്പോൾ മിക്ക ദിവസങ്ങളിലും ക്‌ളാസിൽ വരാറില്ല.പലപ്പോഴും അർദ്ധ അബോധവസ്ഥയിൽ അവളെ ഷാഹിന കണ്ടിട്ടുണ്ടത്രെ.ആദ്യമൊന്നും അവൾ പറഞ്ഞപ്പോൾ അരവിന്ദൻ അത് വിശ്വസിച്ചില്ല


എന്നാൽ താനിന്നു കേട്ട വാർത്ത അത് വിശ്വസിച്ചേ മതിയാകൂ ,താൻ ജീവന് തുല്യം തൻറെ അമ്മയായും പെങ്ങളായും ,കാമുകിയായും ,മകളായും സ്നേഹിച്ച പെൺകുട്ടി ,അവളിന്നു ക്രൂരമായ ശാരീരീരിക പീഡനത്തിൽ മനം നൊന്തു ആത്മഹത്യ ചെയ്തിരിക്കുന്നു .അവളെ കപട സ്നേഹം കാണിച്ചു ചതിച്ച ലഹരിക്കടിമയായ അവളുടെ പരിഷ്ക്കാരി കാമുകൻ അവനു ഒരു നേരത്തെ മയക്കുമരുന്നിന് വേണ്ടി തൻറെ കൂട്ടുകാർക്കു അവളെ കാഴ്ച വച്ചു

ചിന്തിച്ചു തളർന്നെങ്കിലും മുത്തശ്ശിക്കുന്നിൻറെ മുകളിൽ അപ്പോളത്തേക്കും അവൻ വേച്ചു വേച്ചു എത്തിയിരുന്നു . കുട്ടിക്കാലത്തു കളിച്ചു വളർന്ന മുത്തശിക്കുന്നിൽ അതാ തൻറെ പ്രിയ കൂട്ടുകാരിയുടെ ചേതനയറ്റ ശരീരം കിടക്കുന്നു .ആ കാഴ്ച കണ്ടു അവനു സങ്കടം അടക്കാനായില്ല .അവൻ നിലവിളിച്ചു കൊണ്ട് അവളുടെ മൃത ശരീരത്തിനടുത്തെത്തി .വായിൽ നുരയും പതയും ആയി കിടന്നിരുന്ന ആ ശരീരത്തിനു സമീപം അവൻ തളർന്നു വീണു ."അരവിന്ദാ ,അരവിന്ദാ" അവിടെ കൂടിയിരുന്ന നാട്ടുകാർ അവനെ തട്ടി വിളിക്കാൻ തുടങ്ങി .അപ്പോളേക്കും അവൻ കഴിച്ച ഉമ്മത്തിൻകായ അവന്റെ ജീവനമായി അവന്റെ പ്രിയ തോഴിക്കരികിലേക്കു പോയിരുന്നു

മഴക്കാലം

വാനം കാർമുകിലിനാൽ സുറുമയണിഞ്ഞു നിൽക്കുന്നു ചില്ലകൾ താളത്തിലായ് കാറ്റിനോടൊത്തു പാടുന്നു എൻ പ്രിയേ എവിടെ നീ ,മറന്നുവോ നീയാ മഴക്കാലം പ്രിയ സഖി പറയു നീ നിനക്കാവുമോ എന്നെ വേർപിരിയാൻ
പുൽനാമ്പുകളെ പുൽകുമാ മഴത്തുള്ളികൾ പോലെയാ മഞ്ഞുതുള്ളിയെ പുണരുമാമര ചില്ല കൊഞ്ചുന്നിതാ സഖി നീ വന്നു അകതാരിലായ് ഒരു പൂമ്പാറ്റപോലെ പറയൂ നീ പ്രിയ സഖി നിനക്കാവുമോ എന്നെ വേർപിരിയാൻ പറയൂ നീ പ്രിയതമേ നിനക്കാവുമോ എന്നെ വേർപിരിയാൻ
വെൺപൂക്കളെ തേടും കരിവണ്ടുപോലിന്നിതാ വേനലിൽ മഴ തേടും മരുഭൂവായിന്നിതാ സഖി നീ വന്നു എൻ കനവിലായ് ഒരു മാലാഖ പോലെ പറയൂ നീ പ്രിയ സഖി നിനക്കാവുമോ എന്നെ വേർപിരിയാൻ പറയൂ നീ പ്രിയതമേ നിനക്കാവുമോ എന്നെ വേർപിരിയാൻ

അറിയാനാകുന്നില്ല

മഞ്ഞുതുള്ളിയെ പുണരുമാ ചില്ല കൊഞ്ചുന്നിതാ കുഞ്ഞു പൂക്കളെ തഴുകുമാ കാറ്റു പാടുന്നിതാ എന്താണോ ഏതാണോ അവരെന്നെ കണ്ടാൽ കൊഞ്ചിപ്പാടുന്നു ഏതേതോ മോഹത്താൽ എന്നുള്ളം കൂടെ പാടിയാടുന്നു അറിയാനാകുന്നില്ല പറയാനാകുന്നില്ല ഇത് സത്യമോ സ്വപ്നമോ അറിയാനാകുന്നില്ല പറയാനാകുന്നില്ല ഇത് സത്യമോ സ്വപ്നമോ
പുലർകാലത്തെ ഒളി വീശും സൂര്യൻ മുന്നിൽ താമര പോൽ മൂവന്തിയിൽ ചെഞ്ചായമിട്ടു വാനം കാത്തിരിക്കുന്ന പോൽ ഏതേതോ മോഹമെന്റെ ഉള്ളിൽക്കൂടി ആരെയോ ഓർത്തിരിക്കാൻ മാത്രമായി അറിയാനാകുന്നില്ല പറയാനാകുന്നില്ല ഇത് സത്യമോ സ്വപ്നമോ അറിയാനാകുന്നില്ല പറയാനാകുന്നില്ല ഇത് സത്യമോ സ്വപ്നമോ
തെളി വാനത്തിൽ തന്നിണയെത്തേടും കിളികൾ പാടുന്ന പോൽ അനുരാഗത്തിൽ പനിനീർപ്പൂ തേടും പൂമ്പാറ്റ പാറുന്ന പോൽ ഏതേതോ ദാഹമെന്റെ ഉള്ളി ക്കൂടി ആരെയോ ഓർത്തിരിക്കാൻ മാത്രമായി അറിയാനാകുന്നില്ല പറയാനാകുന്നില്ല ഇത് സത്യമോ സ്വപ്നമോ അറിയാനാകുന്നില്ല പറയാനാകുന്നില്ല ഇത് സത്യമോ സ്വപ്നമോ