ഫോൺ നിർത്താതെ ബെല്ലടിച്ചുകൊണ്ടിരിക്കുന്നു ,രാവിലെ തന്നെ ഉറക്കം നശിച്ചു .രമേശൻ മനസ്സിൽ പ്രാകിക്കൊണ്ടു എണീറ്റ് ഫോൺ എടുത്തു നോക്കി .പോലീസുകാരൻ മുഴുവൻ സമയ സേവാ പ്രവർത്തകൻ ആണെങ്കിലും കുറച്ചു നേരം ഉറക്കം പോലും തരാതെ ആരാണീ ശല്യപ്പെടുത്തുന്നത് . അനാശ്യാസ്യം നടക്കുന്നു എന്ന് പറഞ്ഞു ചില സംഘടനാ പ്രവർത്തകർ നടത്തിയ കോപ്രായങ്ങളിൽ പ്രതിഷേധിച്ചു ഒരു കൂട്ടം പിള്ളേർ നടത്തിയ കെട്ടിപ്പിടുത്തതിനും ഉമ്മവെക്കലിനും ഒക്കെ കാവൽ നിന്ന ശേഷം പാതിരാത്രിയാണ് വന്നു കിടന്നത് .സമൂഹത്തിൻറെ പോക്ക് ആലോചിച്ച് രാത്രി നേരാം വണ്ണം ഉറങ്ങാൻ പോലും കഴിഞ്ഞില്ല .അല്ലേലും അങ്ങനെ പെട്ടന്ന് ഉറങ്ങാൻ രമേശന് പറ്റില്ല .പറക്കമുറ്റാത്ത രണ്ടു പെൺപിള്ളേരാണെ ഉള്ളത് .നാട്ടിൽ നിരന്തരം നടക്കുന്ന പീഡന വാർത്തകൾ കേൾക്കുമ്പോൾ പെണ്മക്കൾ ഉള്ള അച്ഛൻ എങ്ങനെയാ ഉറങ്ങുക.അതിനിടെ ബുദ്ധിയുറക്കാത്ത സ്കൂൾ പിള്ളേരെ പരസ്യമായി ശാരീരികോപദ്രവം ഏൽപ്പിക്കുന്ന ആളുകളെ പിന്താങ്ങി കൊണ്ട് ചുംബന-കെട്ടിപ്പിടുത്ത കൂട്ടായ്മകളും .ഇവറ്റകളെയൊന്നും കഴിഞ്ഞ ഒരു വർഷം കാണാൻ കഴിഞ്ഞില്ലല്ലോയെന്ന് രമേശൻ ചിന്തിച്ചു ,നിരന്തരം പിഞ്ചു കുഞ്ഞുങ്ങൾക്ക് നേരെ പീഡനം നടക്കുമ്പോഴും ,പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകുമ്പോഴും പിന്നെ പെണ്ണുങ്ങളുടെ ഉടു വസ്ത്രം വലിച്ചു കീറിയൽ പോലും ഈ കൂട്ടർ വായ തുറക്കില്ല ."ആ പറഞ്ഞിട്ടെന്തു കാര്യം ഇവൻറെയൊക്കെ കോപ്രായങ്ങൾക്കു കാവൽ നില്ക്കാൻ പറഞ്ഞാൽ നിന്നല്ലേ പറ്റൂ "രാവിലെ ഉറക്കം കളഞ്ഞവനെയും തലേദിവസം ഉറക്കം കളഞ്ഞ ചുംബരരേയും ഒന്ന് കൂടി പ്രാകിക്കൊണ്ടു രമേശൻ ഫോൺ എടുത്തു .എസ് ഐ ജേക്കബ് സാർ ആണ് ."ബുദ്ധിമുട്ടയോ രമേശാ ???"ബുദ്ധിമുട്ടാണെങ്കിലും അങ്ങനെ പറയാൻ പറ്റില്ലല്ലോ "ഇല്ല സർ "രമേശൻ ഉടനെ മറുപടി നൽകി "രമേശാ ഞാൻ ഇന്നലെ പറഞ്ഞില്ലേ ഇന്ന് രാവിലേ നടക്കുന്ന മന്ത്രിയുടെ ഉദ്‌ഘാടന പരിപാടി നമ്മുടെ സ്റ്റേഷൻ പരിധിയിലാണ് ,ഞാൻ അവിടെ ഫുൾ ടൈം ഡ്യൂട്ടിക്ക് പറഞ്ഞിരുന്ന അനീഷിന്റെ അച്ഛൻ മരണപ്പെട്ടു അതുകൊണ്ടു താൻ അവിടെ ഒന്ന് പോകണം ,ഞങ്ങളൊക്കെ സമയത്തു എത്തി ചേർന്നേക്കാം ."ഇത്രയും കേട്ടപ്പോൾ തന്നെ രമേശൻറെ സമനില തെറ്റി.എന്തൊക്കെ പ്ലാൻ ആയിരുന്നു .മന്ത്രിയുടെ പരിപാടി ഇന്നലെ അറിഞ്ഞിരുന്നതാ പക്ഷെ സമയത്തിന് അര മണിക്കൂർ മുന്നേ എത്തിയാൽ മതിയായിരുന്നു .ഇതിപ്പോ രാവിലെ കെട്ടിയൊരുങ്ങി പോയി നിൽക്കണം .കുടുംബ ക്ഷേത്രത്തിലെ ഉത്സവം ആണ് കുട്ടികളെയും കൂട്ടി രാവിലെ അമ്പലത്തിൽ പോകണമെന്ന് കരുതിയതാ .ഇന്നിപ്പോ ഒന്നും നടക്കില്ല .നല്ലൊരു ഞായറാഴ്ച പോയ വിഷമത്തോടെ രമേശൻ യൂണിഫോമിട്ടു വേഗം റെഡി ആയി ഡ്യൂട്ടി സ്ഥലത്തെത്തി .
വിളവെടുപ്പ് പരിപാടിയുടെ ഉദ്‌ഘാടനം ആണ് പരിപാടി തുടങ്ങുന്നതിനു മുൻപേ തന്നെ നല്ല തിരക്കുണ്ട് .ഒട്ടനവധി ആളുകൾ .മന്ത്രിയെക്കാണാനോ കൊയ്ത്തുത്സവം കൂടാനോ അല്ലെന്ന് പിന്നെയാണ് രമേശന് മനസ്സിലായത് .മന്ത്രിയോടോപ്പം പങ്കെടുക്കുന്നത് പ്രശസ്ത സിനിമ നടിയാണത്രെ ..എന്തായാലും കൊള്ളാം തിന്നുന്ന അരിക്ക് വേണ്ടി മെയ്യനങ്ങില്ലെങ്കിലും ഒരു നേരം കിട്ടുന്ന നയന സുഖത്തിനായെങ്കിലും ഇത്തരക്കാർ മിനക്കെടുന്നുണ്ടല്ലോ എന്ന് ആലോചിച്ചപ്പോൾ രമേശന് സ്വയം നാണക്കേട് തോന്നി .അങ്ങനെ മന്ത്രി വന്നു പരിപാടി തുടങ്ങി അതിനിടയ്ക്കാണ് അത് സംഭവിച്ചത് .മന്ത്രിയുടെ കൂടെ വന്ന പ്രാദേശിക നേതാവ് സിനിമ നടിയെമറ്റാരും കാണാതെ തോണ്ടാനും ഉപദ്രവിക്കാനും തുടങ്ങി .രമേശൻ രണ്ടു മൂന്നു തവണ ഇതു ശ്രദ്ധിച്ചു ,നടിയും കൈ തട്ടി മാറ്റി എതിർക്കുന്നൊക്കെ ഉണ്ട്.ശ്ശെടാ ഇവന്റെയൊക്കെ തൊലിക്കട്ടി അപാരം തന്നെ .ഇത്ര പരസ്യമായി ഇവനൊക്കെ എങ്ങനെ തോന്നുന്നു .വീട്ടിലുള്ള അമ്മയില്ലാത്ത രണ്ടു പെൺകുട്ടികളെ ആലോചിച്ചപ്പോൾ രമേശന് സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞില്ല .കൊടുത്തു അവൻറെ കരണക്കുറ്റി നോക്കി രണ്ടു പിട ,അടിച്ചു തീരും മുൻപേ എന്താണ് കാരണമെന്നു കൂടി ചോദിക്കാതെ പ്രാദേശിക നേതാവിൻറെ ശിങ്കിടികൾ രമേശനെ പൊതിരെ തല്ലാൻ തുടങ്ങി
ആശുപത്രിയിൽ നിന്നിറങ്ങിയ ശേഷം സ്റ്റേഷനിൽ അത്യാവശ്യമായി വിളിപ്പിച്ചതറിഞ്ഞു രമേശൻ നേരെ ജേക്കബ് സാറിനെ കാണാൻ പോയി ."രമേശാ വിഷമമുണ്ട് ,തനിക്കു ട്രാൻസ്ഫർ ആണ് "ജേക്കബ് സാർ മുഖത്ത് നോക്കാതെ പറഞ്ഞൊപ്പിച്ചു ."സാർ എൻറെ ഭാഗത്തു തെറ്റില്ല ." രമേഷന്റെ കണ്ണുകൾ നിറഞ്ഞു .അറിയാം പക്ഷെ തനിക്കറിയാമല്ലോ അടുത്ത മാസം എൻറെ പ്രമോഷൻ ആണ് .ഞാൻ തനിക്കനുകൂലമായി റിപ്പോർട്ട് നൽകിയാൽ സർക്കാർ അത് കുളമാക്കും.എൻറെ വളരെക്കാലത്തെ ആഗ്രഹമാണ് സർക്കിൾ ആകുക എന്നുള്ളത് .മറ്റൊന്നും കേൾക്കാനോ പറയാനോ രമേശൻ നിന്നില്ല .തലകുനിച്ചു രമേശൻ സ്റ്റേഷൻ പടിയിറങ്ങുമ്പോൾ വിലങ്ങു വച്ച് ഒരു പ്രതിയെ പോലീസ് കൊണ്ട് വരുന്നു .പ്രതിയുടെ കൂടെ വന്ന കോൺസ്റ്റബിൾ ഖാദറിക്ക പറഞ്ഞു "രമേശാ അറിഞ്ഞു ,പക്ഷെ ഞങ്ങൾക്കൊന്നും ഒന്നും ചെയ്യാൻ കഴിയില്ല .തനിക്കറിയാമല്ലോ ".രമേശൻ ഖാദറിക്കയെ നോക്കി ചിരിച്ചു എന്ന് വരുത്തി .എന്തേലും ചോദിക്കണമല്ലോ എന്ന് കരുതി ഖാദറിക്കയോട് വിലങ്ങു വച്ച പ്രതിയെ ചൂണ്ടി ചോദിച്ചു എന്താ ഇവൻറെ കുറ്റം .ഖാദറിക്കയുടെ മറുപടി കേട്ട രമേശൻ ചിരിക്കണോ കരയണോ എന്നറിയാതെ സ്തബ്ദനായി ." 5 വയസുള്ള കുഞ്ഞുമായി സ്കൂളിൽ പോയപ്പോൾ തെരുവ് നായ കുഞ്ഞിനെ മൃഗീയമായി കടിച്ചു.സങ്കടം സഹിക്കാനാവാതെ അടുത്ത് കിടന്ന കല്ലെടുത്തു നായയെ അവൻ എറിഞ്ഞു അവൻറെ കഷ്ടകാലം നയാ ചത്തു ,മൃഗ സ്നേഹികളുടെ പരാതിയിൽ ഇവനെ അറസ്റ്റ് ചെയ്തു "
തിരികെ നടക്കുന്ന വഴിയിൽ രമേശന്റെ മനസ്സ് ശരീരത്തേക്കാളേറെ വേദനിച്ചിരുന്നു .പോകുന്ന വഴിയിൽ
വീണ്ടുമതാ ഒരാൾക്കൂട്ടം ഒരു പെണ്ണും പയ്യനും കെട്ടി മറിയുന്നു കുറെ താടിയും മീശയും വളർത്തി ജുബ്ബയിട്ടവർ ഉറക്കെ വിളിക്കുന്നു "ഞങ്ങൾക്കു വേണം സ്വാതന്ത്ര്യം ,ഞങ്ങൾക്ക് തോന്നുന്നത് ഞങ്ങൾ ചെയ്യും".
No comments:
Post a Comment