അമ്മേ അരുതേ പറഞ്ഞയച്ചീടല്ലേ
നിന്നിണമല്ലേ ഞാൻ പിഞ്ചുകുഞ്ഞല്ലേ ഞാൻ
താതന്റെ ദാരിദ്ര്യം നാൾക്കുനാളേറുമ്പോൾ
മോചിതരാവാനായ് എന്നെ കൊടുക്കണോ
പത്തുമാസം ചുമന്നെന്നെ നീ പെറ്റപ്പോൾ
നീ നൊന്ത വേദന ചൊല്ലുവാനുകുമോ
എന്നുടെ സോദരൻ ആറു വയസ്സുള്ളോൻ
എന്നെക്കാളേറെ തിരിച്ചറിവുള്ളവൻ
ആർത്തലച്ചീടും നിലവിളിച്ചീടുമീ
ക്രൂരത അവനോടു കാട്ടിയെന്നാൽ
നിങ്ങൾക്കറിയാമെനിക്കറിയുന്ന വാക്കൊന്നു
'അമ്മ'താൻ അമ്മ മാത്രം
തെറ്റിദ്ധരിച്ചു നീ തിരിച്ചറിവാകാത്ത
ഈ കുഞ്ഞിനിക്കാര്യം നോവുകില്ല
അതിനാൽ കരുതി നീ ഈ കുഞ്ഞു തേങ്ങില്ല
ഈ കൊച്ചു ഹൃദയം തകരുകില്ല
പത്തുമാസം ചുമന്നെന്നെ പ്രസവിച്ച
അമ്മയിതെന്നേ കൊടുത്തയച്ചാൽ
നീ തന്നെ ചൊല്ലു ..പെറ്റമ്മക്കതില്ലാത്ത
സ്നേഹമുണ്ടാവുമോ പോറ്റമ്മയ്ക്ക്
എന്നാലും സന്തോഷം ഇന്നീ മകൾക്കിതാ
ഞാൻ നൽകി ഒരു ലക്ഷം എന്നച്ചന്
ചിറകു മുളക്കുന്ന കാലത്തിനു മുന്നേ
ഞാൻ തീറ്റ നൽകിയെൻ വീട്ടുകാർക്ക്
No comments:
Post a Comment